വാര്‍ഡ് കമ്മിറ്റി ഗ്രാമസഭ
ഗ്രാമസഭ / വാർഡ് സഭ മെമ്പർ
ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. അതുപോലെ മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ് സഭയിലെ മെമ്പറാണ്.
കൺവീനർ
വാർഡ് മെമ്പർമാർ ഗ്രാമസഭകളുടെയും വാർഡ് കൗൺസിലർമാർ വാർഡ് സഭകളുടെയും കൺവീനർമാരാണ്. കൺവീനർക്ക് കടമകൾ നിർവ്വഹിക്കാൻ കഴിയാത്ത പക്ഷം തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ തൊട്ടടുത്ത വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാം.
അദ്ധ്യക്ഷൻ
ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് സഭയിൽ മുനിസിപ്പൽ ചെയർപേഴ്‌സണും അദ്ധ്യക്ഷത വഹിക്കുന്നു. അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റോ കൺവീനറോ അദ്ധ്യക്ഷത വഹിക്കും.
യോഗം വിളിക്കൽ
യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
ക്വാറം
ഗ്രാമസഭ / വാർഡ് സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10% ആണ്. ക്വാറം തികയാതെ വീണ്ടും ചേരുമ്പോൾ ക്വാറം 50 ആയിരിക്കും.
പ്രത്യേക യോഗം
ഒരു വാർഡിലെ 10% വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം പ്രത്യേക യോഗം വിളിക്കേണ്ടതാണ്.
കോ-ഓർഡിനേറ്റർ
ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി തീരുമാനിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഗ്രാമസഭയുടെ / വാർഡ് സഭയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയും കൺവീനറെ സഹായിക്കുകയും ചെയ്യും.
ചോദ്യങ്ങൾ & നിർദ്ദേശങ്ങൾ
യോഗത്തിന് മുമ്പോ നടക്കുമ്പോഴോ അംഗങ്ങൾക്ക് ചോദ്യങ്ങളും നിർദ്ദേശങ്ങളും എഴുതി സമർപ്പിക്കാനുള്ള അവകാശമുണ്ട്.
പ്രമേയങ്ങൾ
ഗ്രാമസഭയുടെ / വാർഡ് സഭയുടെ അധികാരപരിധിയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കാവുന്നതാണ്.
അധികാരങ്ങളും ചുമതലകളും
- വികസന പദ്ധതികൾക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുക.
- പദ്ധതികൾക്കും വികസന പരിപാടികൾക്കും മുൻഗണന നിശ്ചയിക്കുക.
- വികസന പ്രവർത്തനങ്ങൾക്ക് സഹായവും സന്നദ്ധസേവനവും നൽകുക.
- തെരുവുവിളക്കുകൾ, പൊതുജലവിതരണം തുടങ്ങിയ പൊതുസൗകര്യങ്ങൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർദ്ദേശിക്കുക.
- മരാമത്ത് പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റുകളും ചെലവുകളും പരിശോധിക്കുക.
- ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
- പ്രദേശത്ത് നടപ്പാക്കേണ്ട പ്രവൃത്തികളുടെ വിവരങ്ങൾ ശേഖരിക്കുക.