സ്ഥാപന ചരിത്രം
പ്രകൃതിസുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് കിടങ്ങൂർ. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽപ്പെട്ട ഈ പ്രദേശം മീനച്ചിലാറിന്റെ ഇരു കര കളിലുമായി വ്യാപിച്ചു കിടക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും ഈ ഗ്രാമ ത്തിനുണ്ട്. അറിയപ്പെടുന്ന ചരിത്രകാലത്ത് കോട്ടയവും സമീപ പ്രദേശങ്ങളും വെമ്പനാടിന്റെ ഭാഗമായിരു ന്നു. ചേരരാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായി രുന്നു വെമ്പലനാട്. 11-ാം ശതകത്തിൽ ചേരരാജ്യം തകർന്നപ്പോൾ വെമ്പലനാടും ഛിന്നഭിന്നമായി. വടക്കുകൂർ, കിഴുമലനാട്, തെക്കുംകൂർ, മുഞ്ഞനാട് എന്നി ങ്ങനെ ആ രാജ്യം പലതായി വിഭജിക്കപ്പെട്ടു. അതിൽ തെക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം വെ ന്നിമലയിലും പിന്നീട് തളിയിലും ആയിരുന്നു. ഈ തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കിടങ്ങൂർ. വടക്കുംകൂർ രാജ്യത്തിന്റെ അതിർത്തി കൂടി ചേർന്ന ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് പണ്ട് കിടങ്ങും കോട്ടയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കിടങ്ങുള്ള ഊരാണ് കിടങ്ങൂർ. ഇപ്പോൾ കോട്ടപ്പുറം എന്നറിയപ്പെടുന്ന സ്ഥലത്ത് മൺകോട്ട യുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. കോട്ടവഴി എന്നസ്ഥലനാമം ഈ ഊഹത്തെ ബലപ്പെടുത്തുന്നു. രാജ്യാതിർത്തിയിൽ ശത്രുക്കളെ നേരിടാൻ കെട്ടിയുണ്ടാക്കുന്ന സ്ഥലമാണല്ലോ കൊത്തളം. കിടങ്ങൂരിന്റെ അതിർത്തിയായ കട്ടച്ചിറ യിൽ ഓട്ടുകമ്പനി ഇരിക്കുന്ന പുരയിടത്തിന് കൊത്തളം എന്ന പേരുവന്നതും ചിന്താർഹമാണ്. എത്ര എത്ര സൈനികസന്നാഹങ്ങൾക്കും യുദ്ധകോലാഹലങ്ങൾക്കും നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ടാകില്ല.!
കിടങ്ങൂർ എന്ന സ്ഥലനാമത്തെക്കുറിച്ച് മറ്റൊ രൈതിഹ്യവുമുണ്ട്. തമിഴ് നാട്ടിൽ നിന്ന് ദേവീവിഗ്ര ഹവുമായി വന്ന ഒരു ഭക്തൻ നടന്നു ക്ഷീണിച്ച് അർദ്ധരാത്രിയിൽ ഇവിടെ വന്ന് കിടന്നുറങ്ങി. നേരം പുലർന്നിട്ടും ഉണരാത്തതുകൊണ്ട് നാട്ടുകാർ അധികാരിയായ അടിയോടി നായരെ വരുത്തി. അദ്ദേഹം ഭക്തനെ ചോദ്യം ചെയ്തപ്പോൾ താൻ ദേവീവിഗ്രഹം സ്ഥാപിക്കാൻ പറ്റിയ സ്ഥലം തേടിപ്പോവുകയാണെന്ന് മറുപടി പറഞ്ഞു. ഇവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രം സ്ഥാപിക്കണമെന്ന് അയാൾ നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഭക്തൻ ആ ദേവീവിഗ്രഹം കുമാ രനെല്ലൂർ പ്രതിഷ്ഠിച്ചു. അധികാരി, ഇന്നുകാണുന്ന സുബ്രഹ്മണ്യ ക്ഷേത്രവും നിർമ്മിച്ചു. അദ്ദേഹം വടക്കു നിന്ന് സാമവേദികളായ ബ്രാഹ്മണരെ വരുത്തി ക്ഷേത്രഭരണം അവരെ ഏല്പിക്കുകയും ചെയ്തു. അങ്ങനെ ഭക്തൻ കിടന്ന ഊര് കിടന്നൂർ' ആയി എന്നും ക്രമേണ അത് “കിടങ്ങൂർ' ആയിമാറിയെന്നും ചിലർ അഭിപ്രായപ്പെടുന്നു. വീരമാർത്താണ്ഡവർമ്മ തുടങ്ങിവച്ച പട്ടത്താനം അമ്പതുവർഷം മുമ്പുവരെ ഇവിടെ നടന്നിരുന്നു. രാജാവോ രാജാവിന്റെ പ്രതിനിധികളോ ബ്രാഹ്മണർക്ക് പണക്കിഴിയും വസ്ത്രവും ദാനം ചെയ്യുന്ന ചടങ്ങാണിത്. മുമ്പ് ഉത്സവത്തോടനുബന്ധിച്ച് മീനച്ചിൽ ആറിന്റെ മണൽപ്പുറത്ത് വാണിജ്യമേള നടന്നിരുന്നു. ലോഹങ്ങൾ കൊണ്ടുള്ള വിവിധതരം പാത്രങ്ങളും ഗൃഹോപകരണങ്ങളും പ്രസിദ്ധമായ പിറയാൻ കളിമൺപാത്രങ്ങളും വാങ്ങാൻ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ നമ്മുടെ നാട്ടിൽ എത്തി യിരുന്നു. ഉത്സവപ്പിറ്റേന്ന് നടത്തിയിരുന്ന കാളച്ചന്തയും പ്രസിദ്ധമായിരുന്നു.
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെയും കേരളപാണിനി എന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന ഏ. ആർ രാജരാജ വർമ്മയുടേയും പിതൃഗൃഹങ്ങൾ കിടങ്ങൂർ ആണെന്നതിൽ നമുക്കഭിമാനിക്കാം. തിരുവിതാംകൂർ രാജാക്കന്മാരുടെ അക്ഷരഗുരുവായ കിടങ്ങൂർ പിഷാരടി, ഹാസ്യകവിയായ കിടങ്ങൂർ കൃഷ്ണവാര്യർ, വലിയ യോദ്ധാവായിരുന്ന കറുകയിൽ കൈമൾ, നളനുണ്ണി, പൈങ്കുളം നാരായണ ചാക്യാർ, മിസ്റ്റർ തിരുമേനി എന്നറിയപ്പെട്ടിരുന്ന ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂത്തമ്പലത്തിലെ കുറുന്തോട്ടിത്തൂൺ നിർമ്മിച്ച മഴുവല്ലൂർ കൊല്ലൻ, തുടങ്ങി എത്രയോ പേരുകേട്ട വ്യക്തികൾ ചരിത്ര ത്തിന്റെ ഏടുകളിൽ കിടങ്ങൂരിന്റെ പേർ എഴുതി ചേർത്തു. യശശ്ശരീരനായ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും, രാഷ്ട്രീയ മണ്ഡലത്തിൽ ഇന്നും പ്രശോഭിക്കുന്ന മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരും കിടങ്ങൂരിന്റെ പ്രസിദ്ധിയിൽ പങ്കുള്ളവരാണ് പൂരപ്രബന്ധം, ഉണ്ണനീലിസന്ദേശം, ആര്യാമൃതം, ഐതി ഹ്യമാല തുടങ്ങിയ ധാരാളം പ്രസിദ്ധകൃതികളിൽ കിടആരിനെക്കുറിച്ച് പരാമർശമുണ്ട്. കഥകളി രംഗത്ത് “കിടങ്ങൂർ വഴി' എന്ന പേരിൽ ഒരു കഥകളി രീതി തന്നെ നിലനിന്നിരുന്നു.
നൂറ്റാണ്ടുകളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇവിടെ സഹവർത്തിത്വത്തോടെ ജീവിച്ചു പോരുന്നു. പ്രസിദ്ധമായ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിലെ പെരുന്നാളും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സ വവും കിടങ്ങൂർ നിവാസികൾ ഭേദബുദ്ധികൂടാതെ ആഘോഷിക്കുന്നു. ഓണവും ക്രിസ്തുമസ്സും ഈസ്റ്റ റും വിഷുവും നമുക്ക് പൊതു ഉത്സവമായി മാറിയിരി ക്കുന്നു. മതപരമോ രാഷ്ട്രീയമോ ആയ സംഘട്ടനങ്ങളും കലാപങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാകാത്തതുതന്നെ ഇവിടത്തെ പ്രബുദ്ധതയുടെ തെളിവാണ്. ആ പ്രബുദ്ധതയാകട്ടെ, സമീപസ്ഥമായ രണ്ടുപുരാതന സരസ്വതീമന്ദിരങ്ങളിൽ നിന്നു പകർന്നുകിട്ടിയ അറിവിന്റെ വെളിച്ചം സമ്മാനിച്ചതുമാണ്.
സാംസ്ക്കാരികമായി ഉന്നതനിലവാരം പുലർത്തുന്ന ഒരു ജനത തിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് കിടങ്ങൂർ. വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ജിവിക്കുന്ന ഹിന്ദു ക്രിസ്ത്യൻ ജനതയും രണ്ടിന്റേയും അവാന്തര വിഭാഗങ്ങളും പരസ്പരം ധാരണയോടും വിശ്വാസത്തോടും ജീവിച്ചുപോരുന്നു. അന്യസ്ഥലങ്ങളിൽ നിന്നും കുടിയേറ്റം നടത്തിയെന്നു വിശ്വസിക്കാവുന്ന തമിഴ് ബ്രാഹ്മണരും, തമിഴ് വിശ്വകർമ്മജരും വീടുകളിൽ പരസ്പരം സംസാരിക്കുവാൻ അവരുടേതായ ഭാഷ ഉപയോഗിക്കുന്നു എങ്കിലും സമൂഹത്തിൽ അവരും നമ്മുടെ ഭാഷയും ജീവിതരീതിയും ഉപയോഗിക്കുന്നുവെന്നത് നമ്മുടെ സംസ്കാരവുമായി ഇഴുകി ചേർന്നിരിക്കുന്നു എന്നതിന് തെളിവാണ്. ഏതാണ്ട് 26 ൽ പരം ജാതിമത വർഗ്ഗത്തിൽ പെടുന്നവർ താമസിച്ചുവരുന്ന ഈ ഗ്രാമത്തിൽ മുസ്ളീങ്ങളുടെ എണ്ണം നാമമാത്രമാണ്. കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളുമടക്കം പ്രശസ്തങ്ങളായ നിരവധി ക്ഷേത്രങ്ങളും പുരാതനമായ ക്രിസ്ത്യൻ ആരാധനാലയങ്ങളും ഗുരുമന്ദിരങ്ങളുമടക്കമുള്ള മറ്റ് ആരാധനാലയങ്ങളും ഇവിടുത്തെ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവായി വർത്തിച്ചിരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കുമുമ്പ് 1940-ലെ വില്ലേജ് യൂണിയൻ നിയമമനുസരിച്ച് നമ്മുടെ ഗ്രാമ ത്തിലും വില്ലേജ് യൂണിയൻ നിലവിൽ വന്നു. അതിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ എമ്മാനുവൽ കോലടിയും വൈസ് പ്രസിഡന്റ് ശ്രീ. പി.എ. രാമകൃഷ്ണ പിള്ളയും ആയിരുന്നു. ശ്രീമാന്മാരായ എം.ജി. വേലു പിള്ള, എം.റ്റി. തോമസ്, കെ.ജെ. മാത്യു, എം.എ. വിശ്വനാഥയ്യർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവ രായിരുന്നു അതിലെ അംഗങ്ങൾ. ഒൻപതു വാർഡുകളിലായി തെരഞ്ഞെടുപ്പു നടത്തിയ ഇന്നത്തെ രീതിയിലുള്ള പഞ്ചായത്തു ഭരണ സമിതികൾ രൂപം കൊണ്ടത് 1953-ലാണ്. ഇപ്പോൾ പഞ്ചായത്തിൽ 16 വാർഡുകൾ ആണ് നിലവിൽ ഉള്ളത്.